കലാകേരളത്തിന് അഭിമാനിക്കാന്‍ ഏറെയുണ്ട്. ലോകം അത്ഭുതാദരങ്ങളോടെ നോക്കിക്കാണുന്ന ഒട്ടേറെ കലാരൂപങ്ങള്‍ നമുക്കുണ്ട്. വിശ്വകലാപീഠത്തില്‍ കയറിയിരിക്കാന്‍ അര്‍ഹതയുള്ള കഥകളിയും തെയ്യവും തുള്ളലും മോഹിനിയാട്ടവും കൂത്തും കൂടിയാട്ടവുമെല്ലാം നമ്മുടെ അഭിമാനകലകള്‍ തന്നെ. ഇവയെക്കുറിച്ചെല്ലാം ആഴത്തില്‍ അറിയാന്‍ കൂട്ടുകാര്‍ ശ്രമിക്കണം. കലാരൂപങ്ങളെ പൊതുവില്‍ ശാസ്ത്രീയകലകളെന്നും നാടന്‍ കലകളെന്നും തരം തിരിച്ച് വിലയിരുത്താറുണ്ട്. കേരളീയ സംസ്കാരത്തിന്റെ ഈടുവയ്പ്പുകളായ അത്തരം കലാരൂപങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ലക്കത്തില്‍ . തൊഴില്‍ , ആചാരം, അനുഷ്ഠാനം, വിശ്വാസം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളുമായും ബന്ധപ്പെട്ട വ്യത്യസ്ത കലാരൂപങ്ങള്‍ മലയാളമണ്ണിലുണ്ട്. ഇവയില്‍ മണ്ണും മനുഷ്യനും തമ്മിലുള്ള ഉറ്റബന്ധത്തില്‍ നിന്ന് പിറന്നവയാണ് നമ്മുടെ നാടന്‍ കലകള്‍ . നാട്ടിപ്പാട്ട്, കറ്റപ്പാട്ട്, കൊയ്ത്തുപാട്ട് തുടങ്ങിയ കാര്‍ഷിക ഗാനാവതരണങ്ങളും ചിമ്മാനക്കളി, പടയണി തുടങ്ങിയ നാടന്‍ കലാരൂപങ്ങളും നമ്മുടെ നാട്ടുവഴക്കവും കാര്‍ഷിക സംസ്കാരവും തമ്മിലുള്ള ബന്ധത്തിന്റെ പ്രകടിത രൂപങ്ങളാണ്. തെയ്യവും മുടിയേറ്റും ഉര്‍വരതയ്ക്ക് പ്രാധാന്യമുള്ള അനുഷ്ഠാന കലാരൂപങ്ങളാണ്. തിറ, അലാമിക്കളി, അയ്യപ്പന്‍ തീയാട്ട്, അറബനമുട്ട്, കളമെഴുത്ത്, കളരിപ്പയറ്റ്, പൂരക്കളി, ഗദ്ദിക, തിടമ്പുനൃത്തം, കാക്കാരശി നാടകം, ചവിട്ടുനാടകം തുടങ്ങി എണ്ണമറ്റ കലകളാല്‍ സമ്പന്നമാണ് നമ്മുടെ നാട്. നാടന്‍ കലാരൂപങ്ങളുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും തലമുറകളിലൂടെ വിവിധ ജനവിഭാഗങ്ങള്‍ തങ്ങളുടേതായ സംഭാവന നല്‍കിവരുന്നു. ഇവയില്‍ ചിലത് മണ്‍മറഞ്ഞു കഴിഞ്ഞു. മറ്റു ചിലവ നാശത്തിന്റെ വക്കിലും.
തെയ്യം
കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ പ്രചാരത്തിലുള്ള അനുഷ്ഠാന കലയാണ് തെയ്യം. ദേവീ ദേവന്മാര്‍ , യക്ഷ-ഗന്ധര്‍വന്മാര്‍ , നാഗങ്ങള്‍ , ഭൂതങ്ങള്‍ , മരിച്ചുപോയ കാരണവന്മാര്‍ , വീര പരാക്രമികള്‍ എന്നിവരെ കോലമായി കെട്ടിയാടിച്ച് ആരാധിക്കുന്ന രീതിയാണ് ഇത്. തെയ്യത്തിന്റെ കോലക്കാരനും കര്‍മ്മിയും മറ്റും വ്രതശുദ്ധിയോടെയാണ് ചടങ്ങുകള്‍ അനുഷ്ഠിക്കുക. അനുഷ്ഠാനത്തിന്റെ പ്രത്യേക ഘട്ടത്തില്‍ ദേവതാ ശക്തി കോലക്കാരനില്‍ പ്രവേശിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. അനുഷ്ഠാനം തീരുന്നതോടെ ദേവത അതിന്റെ അധിവാസ സ്ഥാനത്തേക്ക് തിരിച്ചുപോവുകയും ചെയ്യുന്നു. ഇതിനിടയ്ക്ക് ഈ ദൈവങ്ങള്‍ ഭക്തരുടെ ദുരിതങ്ങള്‍ക്കും മറ്റു പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കുന്നു. കാവ്, മുണ്ട്യ, സ്ഥാനം, പള്ളിയറ, കോട്ടം തുടങ്ങിയവയാണ് തെയ്യം കെട്ടിയാടുന്ന കേന്ദ്രങ്ങള്‍ . ഇഷ്ടകാര്യസിദ്ധിക്കും മറ്റ് ആവശ്യങ്ങള്‍ക്കും വീടുകളിലും കാവുകളിലും നേര്‍ച്ചയായി തെയ്യം കെട്ടിയാടാറുണ്ട്. കാവുകളിലും സ്ഥാനങ്ങളിലും ആണ്ടുതോറും നിശ്ചിത സമയത്ത് തെയ്യം കെട്ടിയാടുന്നതിനെ കളിയാട്ടമെന്നും വളരെക്കാലം കൂടുമ്പോള്‍ ഒരിക്കല്‍ നിശ്ചയിച്ച് നടത്തുന്നതിന് പെരുങ്കളിയാട്ടമെന്നും പറയുന്നു. വൈവിധ്യമാര്‍ന്ന മുഖത്തെഴുത്തും ഉടയാടകളും തെയ്യത്തിന്റെ സവിശേഷതയാണ്.
കളരിപ്പയറ്റ്
പ്രാചീന കാലം മുതലേ കേരള ത്തില്‍ പ്രചാരത്തിലുള്ള ആ യോധനകലയാണ് കളരിപ്പയറ്റ്. പ്രാദേശിക ഭേ ദങ്ങളും അതിന നുസരിച്ചുള്ള വ്യത്യസ്ത സമ്പ്രദായങ്ങളും ഇതിനുണ്ട്. അറപ്പക്കയ്യ്, പിള്ളതാങ്ങി, വട്ടേന്‍തിരിപ്പ്, വല്ലഭട്ട, ഒടിമുറിശ്ശേരി, ദ്രോണമ്പള്ളി, കന്നടിയം, മോതച്ചെടി തുടങ്ങിയവ ചില സമ്പ്രദായ വ്യത്യാസങ്ങളാണ്. മെയ്ത്താരി, കോല്‍ത്താരി, അങ്കത്താരി, വെറുംകൈ എന്നിങ്ങനെ നാല് ഘട്ടങ്ങളാണ് കളരിപ്പയറ്റില്‍ ഉള്ളത്. അഭ്യാസം കൊണ്ട് മെയ്യ് കണ്ണാക്കി ശരീരത്തെ പാകപ്പെടുത്തുന്നതാണ് മെയ്യ്ത്താരി. ഇതില്‍ ചുവടുകള്‍ക്കും വടിവുകള്‍ക്കുമാണ് പ്രാധാന്യം. മുച്ചാണ്‍ , പന്തീരാന്‍ തുടങ്ങിയ പലവിധം വടികള്‍ ഉപയോഗിച്ചുള്ള അഭ്യാസമുറയാണ് കോല്‍ത്താരി. ഇതില്‍ ഏറ്റവും അപകടകരവും പ്രധാനവുമായ ഒന്നാണ് ഒറ്റപയറ്റല്‍ . “ഒറ്റപയറ്റ്യാല്‍ ഒറക്കത്തും പയറ്റാ“മെന്ന ചൊല്ലുണ്ടാകുന്നത് ഇങ്ങനെയാണ്. വാള്‍ , കടാരി, ഉറുമി, കുന്തം തുടങ്ങിയ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പയറ്റാണ് അങ്കത്താരി. ഒഴിച്ചില്‍ , പ്രത്യേക പൂട്ടൂകള്‍ , മര്‍മ്മക്കൈ തുടങ്ങിയവയാണ് വെറുംകൈയില്‍ പ്രധാനം. ആക്രമണത്തെക്കാള്‍ പ്രതിരോധത്തില്‍ ഊന്നുന്ന ഒരു തത്ത്വശാസ്ത്ര പിന്‍ബലം കളരിപ്പയറ്റിന് കല്‍പ്പിക്കുന്നുണ്ട്. നമ്മുടെ മിക്ക കലകള്‍ക്കും ഇതിനോട് ബന്ധമുണ്ട്.
തിടമ്പുനൃത്തം
കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലെ സവര്‍ണ്ണ ക്ഷേത്രങ്ങളില്‍ പ്രചാരത്തിലുള്ള അനുഷ്ഠാന നൃത്തം. ഉത്സവം, പ്രതിഷ്ഠ തുടങ്ങിയ വിശേഷ സന്ദര്‍ഭങ്ങളിലാണ് ഇത് അരങ്ങേറുക. പൂക്കളും മാലകളും കൊണ്ടലങ്കരിച്ച ദേവീദേവന്മാരുടെ വിഗ്രഹം നര്‍ത്തകരായ നമ്പൂതിരിമാര്‍ തലയിലേറ്റി ചെണ്ടയുടെ താളത്തിനനുസരിച്ച് നൃത്തം ചെയ്യുന്നു. നര്‍ത്തകനായ നമ്പൂതിരി അലക്കിയ വസ്ത്രം ഞൊറിവെച്ച് പ്രത്യേക രീതിയില്‍ ധരിച്ചിരിക്കും. മാരാന്മാരാണ് ചെണ്ടകൊട്ടുക. ചെമ്പട, പഞ്ചാരി തുടങ്ങിയ താളങ്ങളിലാണ് നൃത്തം ചെയ്യേണ്ടത്. ഓരോ താളവും മുറുകി വരുമ്പോള്‍ കലാശമെടുത്ത് അവസാനിപ്പിക്കുകയാണ് പതിവ്.
കളമെഴുത്ത്
കാവുകളിലും ക്ഷേത്രങ്ങളിലും വീടുകളിലും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചവര്‍ണ്ണപ്പൊടി കൊണ്ട് ചിത്രീകരിക്കുന്ന രൂപമാണ് കളം. ഭദ്രകാളിക്കളം, അയ്യപ്പന്‍കളം, നാഗക്കളം, ചുടലക്കളം, വേട്ടയ്ക്കൊരു മകന്‍ കളം, യക്ഷിക്കളം തുടങ്ങി പലതരം കളങ്ങളുണ്ട്. കളമെഴുത്ത്, മുടിയേറ്റ്, പാന, തീയാട്ട് എന്നിവയുമായി ബന്ധപ്പെട്ടാണ് ഭദ്രകാളിക്കളം മുഖ്യമായും ചിത്രീകരിക്കുന്നത്. തീയാട്ടുണ്ണികള്‍ , തീയാടി നമ്പ്യാന്മാര്‍ , തെയ്യംപാടികള്‍ , കുറുപ്പന്മാര്‍ , എന്നിവരാണ് എന്നിവരാണ് കളം വരയ്ക്കാറ്. കൂടാതെ മലയന്‍ , വണ്ണാന്‍ , മണ്ണാന്‍ , പുള്ളുവന്‍ , പാണന്‍ , പുലയന്‍ , പറയന്‍ , വേലന്‍ മുന്നൂറ്റാന്‍ , കോപ്പാളന്‍ വിഭാഗക്കാരും കളം വരയ്ക്കും. കളമെഴുത്തുപാട്ട്, കളം മായ്ക്കല്‍ , തിരിയുഴിച്ചില്‍ തുടങ്ങിയ അനുഷ്ഠാന രൂപങ്ങള്‍ കളമെഴുത്തുമായി ബന്ധപ്പെട്ട് നിലവിലുണ്ട്.
മുടിയേറ്റ്
ഭദ്രകാളിയെ പ്രീണിപ്പിക്കാനുള്ള ഒരനുഷ്ഠാനമാണ് മുടിയേറ്റ്. മധ്യകേരളത്തിലും തിരുവിതാംകൂര്‍ -കൊച്ചി പ്രദേശങ്ങളിലും കണ്ടുവരുന്നു. കാളിയുടെ മുഖവും ജടാഭാരവും മരംകൊണ്ടോ ലോഹം കൊണ്ടോ ഉണ്ടാക്കിയത് ധരിച്ച് കാളിയായി ആടുന്ന ചടങ്ങാണ് ഇതില്‍ പ്രധാനം. അലങ്കരിച്ച പന്തലില്‍ പഞ്ചവര്‍ണ്ണപ്പൊടിയില്‍ ദാരിക വധം കഴിഞ്ഞ് നില്‍ക്കുന്ന കാളിയുടെ കളം വരയുന്നു. കളംപൂജ, കളംപാട്ട്, കന്യകമാരുടെ താലപ്പൊലി, തിരിയുഴിച്ചല്‍ എന്നിവയ്ക്ക് ശേഷം കളം മായ്ക്കുന്നു. അതുകഴിഞ്ഞാണ് മുടിയേറ്റ് ആരംഭിക്കുന്നത്. കത്തിച്ചുവെച്ച നിലവിളക്കിന്റെ മുമ്പിലാണ് ആട്ടവും അഭിനയവും. ഭദ്രകാളി, ദാരികന്‍ , ശിവന്‍ , നാരദന്‍ , ദാനവേന്ദ്രന്‍ , കോയിമ്പിടാര്‍ , കൂളി എന്നിവരാണ് കഥാപാത്രങ്ങള്‍ . കഥകളിയെപ്പോലെ മുഖത്ത് തേപ്പും ഉടുത്തുകെട്ടും കിരീടവുംപല കഥാപാത്രങ്ങള്‍ക്കുമുണ്ട്. തിരശ്ശീല പിടിക്കുകയും ചെയ്യും. ശിവന്റെയും നാരദന്റെയും രംഗപ്രവേശം. ദാരികന്റെ പുറപ്പാട്, കാളിയുടെയും കൂളിയുടെയും പുറപ്പാട്, കാളിയും ദാരികനുമായുള്ള പോര്‍വിളി, കോയിമ്പിടാരുടെ രംഗപ്രവേശം, കാളി-ദാരിക യുദ്ധം, ദാരിക വധം, ശിവസ്തുതി തുടങ്ങിയവയാണ് പ്രധാന രംഗങ്ങള്‍ . സൂര്യനസ്തമിച്ച ശേഷം തുടങ്ങി ഉദിക്കുന്നതിനുമുമ്പ് അവസാനിപ്പിക്കും. വീക്കുചെണ്ട, ഉരുട്ടുചെണ്ട, ഇലത്താളം, ചേങ്ങില തുടങ്ങിയവ വാദ്യങ്ങള്‍ . യുനെസ്കോയുടെ പൈതൃക കലകളുടെ പട്ടികയില്‍ മുടിയേറ്റ് ഇടം നേടിയിട്ടുണ്ട്.
കണ്യാര്‍കളി
പാലക്കാട് ജില്ലയിലും തൊട്ടടുത്ത പ്രദേശങ്ങളിലും പ്രചാരത്തിലുള്ള അനുഷ്ഠാന കല. “കണ്ണകിയാര്‍ കളി” എന്നത് ലോപിച്ച് കണ്യാര്‍കളി ആയി മാറിയതാണത്രെ. ഭഗവതി ക്ഷേത്രങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലുകളിലാണ് അരങ്ങേറുന്നത്. വിതയുടെ ആരംഭത്തിലും മറ്റു വിശേഷങ്ങളിലുമാണ് കണ്യാര്‍കളി അവതരിപ്പിക്കുക. നായന്മാരോ തുല്യ സമുദായ പദവിയിലുള്ളവരോ ആണ് പങ്കെടുക്കുന്നവര്‍ . പന്തല്‍ പ്രവേശം, ദീപപ്രദക്ഷിണം, വട്ടക്കളി എന്നിവയാണ് ആദ്യഭാഗത്ത് പ്രധാനം. ഇത് അനുഷ്ഠാന പ്രധാനമാണ്. രണ്ടാംഭാഗം പൊറാട്ടുകളാണ്. ഇരുചേരിയായി പാട്ടുപാടി താളം ചവിട്ടിയാണ് വട്ടക്കളി കളിക്കുക. ചെണ്ട, ഉടുക്ക്, ഇടയ്ക്ക, മദ്ദളം, ഇലത്താളം, ചേങ്ങില എന്നിവയാണ് വാദ്യങ്ങള്‍ . സാധാരണ കണ്യാര്‍കളിയുടെ ഒരരങ്ങ് പൂര്‍ത്തിയാകാന്‍ നാലുദിവസം വേണം.
ചവിട്ടുനാടകം
പോര്‍ച്ചുഗീസുകാരുടെ വരവിന് ശേഷം കേരളത്തില്‍ രൂപംകൊണ്ട കലാരൂപമാണ് ചവിട്ടുനാടകം. കൊടുങ്ങല്ലൂര്‍ മുതല്‍ അമ്പലപ്പുഴ വരെയുള്ള ക്രിസ്ത്യാനികളുടെ ഇടയില്‍ ഒരുകാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. കൊച്ചിയിലും മറ്റും ചവിട്ടുനാടക സംഘങ്ങളുണ്ട്. സംഭാഷണം മിക്കവാറും പാട്ടുരൂപത്തിലായിരിക്കും. പാട്ടിന്റെ താളത്തിനനുസരിച്ചുള്ള ചുവടുകളും ആട്ടവും ചാട്ടവുമാണ് മുഖ്യം. പാട്ടിന് ബാന്റുവാദ്യങ്ങളുടെയും മറ്റും അകമ്പടി ഉണ്ടാകും. പലകകള്‍ കൊണ്ട് ഉയരത്തില്‍ തട്ടിട്ട് അതിന്മേല്‍ നിന്നാണ് ആദ്യകാലത്ത് ഇതവതരിപ്പിച്ചത്. വീര രസപ്രധാനമായ കഥകളാണ് ഉപയോഗിച്ചിരുന്നത്. “കാറല്‍മാന്‍ ചരിതം” എന്ന നാടകം വളരെയധികം അവതരിപ്പിച്ചിരുന്നു.
ഓണപ്പൊട്ടന്‍
മഹാബലിയുടെ സങ്കല്‍പ്പത്തിലുള്ള നാട്ടുദൈവമാണ് ഓണപ്പൊട്ടന്‍ . കടത്തനാട് പ്രദേശത്ത് ഇന്നും സജീവമായി പ്രചാരത്തിലുണ്ട്. ഓണപ്പൊട്ടന്‍ ചിങ്ങത്തിലെ ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ വീടുകളിലെത്തുന്ന പതിവുണ്ട്. തിറ കെട്ടിയാടുന്ന അഞ്ഞൂറ്റാന്‍ , മുന്നൂറ്റാന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ തങ്ങള്‍ക്ക് ജന്മാവകാശമായി കിട്ടിയ ദേശത്ത് വേഷം കെട്ടി വീടുകള്‍ സന്ദര്‍ശിക്കും. വീട്ടുകാര്‍ അവരെ സ്വീകരിച്ച് അരിയോ പണമോ നല്‍കും. ചുവപ്പുടുത്ത് മുടിയും താടിയും മറ്റ് ചമയങ്ങളും ധരിച്ച് കിരീടം വെച്ച ഓണപ്പൊട്ടന്റെ ഇടതുകൈയില്‍ ഓലക്കുടയും വലതുകൈയില്‍ മണിയും ഉണ്ടാകും. ഓണക്കാലത്ത് കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ കെട്ടിയാടുന്ന ഓണത്താര്‍ , ആടിവേടന്‍ എന്നിവയ്ക്ക് ഓണപ്പൊട്ടനുമായി സാദൃശ്യമുണ്ട്. നിണബലി ബാധോച്ചാടന പരമായ ബലികര്‍മ്മമാണ് ഇത്. ചുണ്ണാമ്പും മഞ്ഞളും ചേര്‍ത്ത് നിണ രൂപത്തിലാക്കിയ അരിച്ചാന്ത് ശരീരത്തില്‍തേച്ച് നെന്മണിയോ മലരോ അതിനുമീതെ പിടിപ്പിച്ച് കുരുത്തോല ഉടുപ്പിട്ട മാന്ത്രികന്‍ ചെണ്ടയുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നതാണ് രീതി. ചിലയിടങ്ങളില്‍ കാളി-ദാരിക യുദ്ധത്തിന്റെ കഥ നൃത്തരൂപത്തില്‍ അവതരിപ്പിക്കപ്പെടുകയുമാവാം. കോഴിയെ അറുത്തുള്ള രക്ത തര്‍പ്പണവും ഇതിന്റെ ഭാഗമാണ്. വണ്ണാന്‍ , മലയന്‍ തുടങ്ങിയ സമുദായങ്ങളാണ് ഇതനുഷ്ഠിക്കുന്നത്.
അലാമിക്കളി
കാസര്‍കോട് ജില്ലയിലെ ചില പ്രദേശങ്ങളിലും കര്‍ണാടകയിലെ മംഗലാപുരത്തും നിലനിന്നിരുന്ന നാടന്‍ കലാരൂപമായിരുന്നു അലാമിക്കളി. ഹിന്ദു-മുസ്ലിം മത സൗഹാര്‍ദം വിളിച്ചോതുന്ന കലാരൂപം കൂടിയാണ് ഇത്. മുസ്ലിം ചരിത്രത്തിലെ പ്രധാന അദ്ധ്യായമായ കര്‍ബല യുദ്ധത്തിന്റെ അനുസ്മരണാര്‍ത്ഥമാണ് മുസ്ലിങ്ങള്‍ മുഹറം ആഘോഷിക്കുന്നത്. ഈ സ്മരണ തന്നെയാണ് അലാമിക്കളിയിലും കാണാനാവുന്നത്. അലാമിവേഷം ധരിച്ച് ചടങ്ങിനെ വര്‍ണാഭമാക്കുന്നത് ഹിന്ദുക്കളാണ്. ചടങ്ങുകളുടെ കാര്‍മികത്വം വഹിക്കുന്നത് മുസ്ലിം പ്രമാണിമാരും. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാടിനടുത്ത് അലാമിപ്പള്ളി എന്ന സ്ഥലമുണ്ട്. പ്രധാനമായും അലാമിക്കളി അരങ്ങേറിയിരുന്നത് അവിടെയായിരുന്നു. അലാമികള്‍ക്കിവിടെ ആരാധനക്ക് പള്ളിയൊന്നുമില്ല; പകരം അഗ്നികുണ്ഡത്തിന്റെ ആകൃതിയില്‍ ഒരു കല്‍ത്തറ മാത്രം. ദേഹം മുഴുവന്‍ കരിയും അതില്‍ വെളുത്ത പുള്ളികളുമാണ് അലാമിയുടെ വേഷം. കഴുത്തില്‍ പഴങ്ങളും ഇലകളും കൊണ്ടുള്ള മാലയുണ്ടാവും. മുണ്ടനാരുകൊണ്ട് താടിമീശയും. മുട്ടുമറയാത്ത വഴുക്ക് മുണ്ടും തലയില്‍ കൂമ്പന്‍ പാളത്തൊപ്പിയും അതില്‍ ചുവന്ന അലാമിപ്പൂവും വെച്ചിട്ടുണ്ടാവും. നാട്ടിന്‍പുറങ്ങളിലേക്ക് അലാമികള്‍ കൂട്ടം ചേര്‍ന്നാണ് പോവുക. കോലടിച്ച്, മണികിലുക്കി ആഘോഷമായാണ് യാത്ര. തോളിലൊരു മാറാപ്പും കൈയിലൊരു മുരുഡയും (അകം കുഴിഞ്ഞ ചെറിയ പാത്രം) ഉണ്ടാവും. അലാമികള്‍ ചെരിപ്പു ധരിക്കാറില്ല. ഓരോ വീട്ടിലും അവര്‍ ഭിക്ഷക്കെത്തുന്നു. തോളിലെ മാറാപ്പിറക്കിവെച്ച് മുറ്റത്ത് നൃത്തം ചവിട്ടും. ഇവരുടെ പാട്ടുകള്‍ക്ക് പ്രത്യേകം ശീലുകളും രീതികളുമുണ്ട്. &ഹറൂൗീ;ലസ്സോലായ്മ… ലസ്സോ ലായ്മ ലായ്മ ലായ്മലോ… എന്നായിരിക്കും എല്ലാപാട്ടിന്റെയും തുടക്കവും ഒടുക്കവും. അലാമികള്‍ക്ക് നിറഞ്ഞ മനസ്സോടെ വീട്ടുകാര്‍ ഭിക്ഷ നല്‍കും. അലാമിക്കളി എന്ന അനുഷ്ഠാനം ഇന്ന് ഇല്ലാതായി. ക്ലബുകളുടെയും മറ്റും നേതൃത്വത്തില്‍ ചിലയിടങ്ങളില്‍ ഇപ്പോഴും അരങ്ങേറാറുണ്ട്.
പടയണി
മധ്യതിരുവിതാംകൂറില്‍ പ്രചാരത്തിലുള്ള അനുഷ്ഠാന രൂപമാണ് പടയണി. അഥവ പടേനി. ഭദ്രകാളി ക്ഷേത്രങ്ങളിലാണ് പൊതുവേ ഇത് കണ്ടുവരുന്നത്. ദാരികനെ വധിച്ചിട്ടും കോപം തീരാത്ത കാളിയെ ശാന്തയാക്കാന്‍ ശ്രീപരമേശ്വരനും ദേവന്മാരും കോലംകെട്ടി തുള്ളിയതിന്റെ സ്മരണയത്രെ ഇത്. പടയണിയുള്ള വിവരം പ്രദേശവാസികളെ തപ്പുകൊട്ടി അറിയിക്കുന്ന കാച്ചിക്കൊട്ട്, മരത്തൂപ്പുകളും വെള്ളത്തോര്‍ത്തുകളും വീശിക്കൊണ്ട് ആര്‍ത്തുവിളിച്ച് താളം ചവിട്ടുന്ന കാപ്പൊലി, കൈമണിയുമായി താളം തുള്ളുന്ന താവടിതുള്ളല്‍ , ഇതിനെ ഹാസ്യാത്മകമായി അനുകരിക്കുന്ന പന്നത്താവടി ഇങ്ങനെ ഒട്ടേറെ ചടങ്ങുകള്‍ പടയണിയിലുണ്ട്. പല ദിവസങ്ങളിലായാണ് പടയണി നടത്തുക. കാപ്പൊലി തുടങ്ങുന്ന ദിവസംതന്നെ കോലം തുള്ളലുണ്ടാകും. ഗണപതിക്കോലം, മാടന്‍ കോലം, മറുതക്കോലം, ഭൈരവിക്കോലം, ഗന്ധര്‍വന്‍കോലം തുടങ്ങിയ ദേവന്മാരുടെ കോലങ്ങള്‍ തലയില്‍വെച്ച് തപ്പിന്റെയും പാട്ടിന്റെയും താളത്തിനനുസരിച്ച് തുള്ളുന്നു. ഒരു പ്രദേശത്തിന്റെ മുഴുവന്‍ ബാധകളെ തങ്ങളിലേക്ക് ആവാഹിച്ച് ഉറഞ്ഞുതുള്ളുന്ന കോലങ്ങള്‍ കളം വിട്ടൊഴിയുന്നതോടെ എല്ലാ ബാധകളും ദുരിതങ്ങളും അകന്ന് ദേശത്തിന് നന്മയും ഐശ്വര്യവും കൈവരുമെന്നാണ് വിശ്വാസം.
അയ്യപ്പന്‍ തീയാട്ട്
അയ്യപ്പനെ പ്രസാദിപ്പിക്കാന്‍ അയ്യപ്പന്‍ കാവുകളിലും മറ്റും തീയ്യാടി നമ്പ്യാന്മാര്‍ നടത്തുന്ന അനുഷ്ഠാനം. ഉത്തരകേരളത്തിലും മധ്യകേരളത്തിലും കാണപ്പെടുന്നു. ചിലയിടങ്ങളില്‍ “അയ്യപ്പന്‍ കൂത്തെ“ന്നും “അയ്യപ്പന്‍ പാട്ടെ“ന്നും അറിയപ്പെടുന്നു. തീയാട്ടിന് മുമ്പ് ഇതിന് പന്തല്‍ കെട്ടി അലങ്കരിക്കുന്ന ചടങ്ങുണ്ട്. ഇതിന് “കൂറയിടല്‍” എന്നും പറയും. തീയാട്ട് ദിവസം ഉച്ചപ്പൂജ കഴിഞ്ഞാല്‍ “ഉച്ചപ്പാട്ട്” തുടങ്ങും. അതുകഴിഞ്ഞ് സന്ധ്യയ്ക്ക് മുമ്പ് പഞ്ചവര്‍ണ്ണപ്പൊടിയില്‍ അയ്യപ്പന്റെ കളം വരക്കുന്നു. സന്ധ്യകൊട്ട്, കളംപൂജ, കളംപാട്ട്, കൂത്ത്, കോമരം, തിരിയുഴിച്ചില്‍ തുടങ്ങിയവയും തുടര്‍ന്ന് നടക്കും. അയ്യപ്പന്റെ ചരിത്രം അഭിനയിച്ചു കാണിക്കുന്നതാണ് കൂത്ത്. ഇതിന് “അയ്യപ്പന്‍ കൂത്തെ“ന്ന് പേരുണ്ട്. ഇത് ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന സ്ഥലവും 12 ദിവസമെടുക്കുന്ന സ്ഥലവുമുണ്ട്. ഒരു ദിവസം കൊണ്ട് തീരുന്നത് “ഉദയാസ്തമയം കൂത്ത്” എന്നറിയപ്പെടുന്നു.
മാര്‍ഗംകളി
സുറിയാനി ക്രിസ്താനികളുടെ ഇടയില്‍ പ്രചാരത്തിലുള്ള വിനോദകല. രാജ്യരക്ഷാര്‍ഥം ആയുധം ധരിച്ച പ്രാചീന ക്രിസ്ത്യാനികള്‍ നടത്തിവന്നിരുന്ന വിനോദകലയത്രെ ഇത്. ക്നാനായ ക്രിസ്ത്യാനികളുടെ വിവാഹത്തിന് ഇതൊരു പതിവാണ്. ക്രിസ്തുദേവന്റെ സങ്കല്‍പത്തില്‍ കത്തിച്ചുവെച്ച നിലവിളക്കിന് ചുറ്റും ചുവടുവെച്ചും കൈകൊണ്ട് ആംഗ്യംകാണിച്ചും പാട്ടുപാടി കളിക്കുന്നതാണ് രീതി. കളിക്കാര്‍ മുണ്ടുടുത്ത് മറ്റൊരു മുണ്ട് തലയില്‍കെട്ടി അതില്‍ മയില്‍പ്പീലി തിരുകി കഴുത്തില്‍ ഉത്തരീയവും ധരിക്കും. പാട്ടുപാടിക്കൊണ്ടുള്ള നൃത്തം കഴിഞ്ഞാല്‍ വാളും പരിചയുമെടുത്ത് ആയുധവിദ്യകളും പ്രകടിപ്പിക്കും. ക്രിസ്തു ശിഷ്യനായ മാര്‍ത്തോമയുടെ കേരള പ്രവേശവും സുവിശേഷ പ്രവര്‍ത്തനവുമാണ് പാട്ടുകളുടെ മുഖ്യവിഷയം. ക്രിസ്തുമാര്‍ഗ പ്രചാരണാര്‍ഥം പാടിക്കളിക്കുന്നതുകൊണ്ടത്രെ മാര്‍ഗംകളി എന്ന പേര് വന്നത്.
ചിമ്മാനക്കളി
ഉത്തര കേരളത്തിലെ പുലയരുടെ പൊറാട്ടുകളിയാണ് ചിമ്മാനക്കളി. അനുഷ്ഠാനത്തിന്റെ ഭാഗമായി നടത്തിവരാറുണ്ട്. പുലയര്‍ പാടിവരാറുള്ള “ചോതിയും പിടയും” എന്ന ദീര്‍ഘമായ പാട്ടിലെ കഥാഭാഗമാണ് ഇതിനവലംബം. പുലയ വിഭാഗത്തിന്റെ ചരിത്രവും ദൈന്യതകളും ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളും പാട്ടിനോടൊപ്പം നൃത്ത-അഭിനയ രൂപത്തില്‍ ആവിഷ്കരിക്കുന്നു. നര്‍മ്മരസമൂറുന്ന പാട്ടുകളും സംഭാഷണങ്ങളും ഉണ്ടാകും. തുടിയാണ് വാദ്യം. മാവിലന്‍ , മാവിലത്തി, മാപ്പിള തുടങ്ങിയവര്‍ കഥാപാത്രങ്ങളാണ്.
പൂരക്കളി
ഉത്തരകേരളത്തില്‍ പ്രചാരത്തിലുള്ള അനുഷ്ഠാന കലാരൂപം. മെയ്വഴക്കവും താളബോധവും ദീര്‍ഘകാലത്തെ അഭ്യാസവും ആവശ്യമുള്ള കലാരൂപമാണിത്. കാമ ദഹനവുമായി ബന്ധപ്പെടുത്തി ഉത്ഭവ കഥകളുണ്ട്. പൂരാഘോഷക്കാലത്താണ് അരങ്ങേറുക. ഇന്ന് ഏറെക്കുറെ പുരുഷന്മാരുടെ കലാരൂപമായാണ് കണ്ടുവരുന്നത്. പണിക്കരും ശിഷ്യന്മാരും ചല്ലണവും ചുറയും ഉറുമാലും ധരിച്ച് പന്തല്‍ പ്രവേശത്തോടെയാണ് കളി തുടങ്ങുക. ഇഷ്ടദേവതാ വന്ദനം, ദീപവന്ദനം, നവാക്ഷര വന്ദനം എന്നിങ്ങനെ വന്ദനകളിലൂടെയാണ് കളിമുന്നേറുന്നത്. പൂരമാല, ഗണപതിപ്പാട്ട്, ഗണപതി-സരസ്വതി- ശ്രീകൃഷ്ണ സ്തുതി തുടങ്ങി വിവിധ രംഗങ്ങള്‍ ഇതിലുണ്ട്. തൊഴുന്ന പാട്ടോടുകൂടി അവസാനിക്കും. രണ്ട് സംഘങ്ങള്‍ തമ്മില്‍ മത്സരിച്ചു നടത്തുന്ന കളിയാണ് മറത്തുകളി. പണിക്കന്മാര്‍ തമ്മില്‍ വിജ്ഞാനത്തിന്റെ മാറ്റുരക്കല്‍കൂടി നടത്തും.
കാക്കാരിശ്ശി നാടകം
തിരുവനന്തപുരം ജില്ലയിലും സമീപ പ്രദേശങ്ങളിലും കണ്ടുവരുന്ന വിനോദ ഗ്രാമീണ നാടകമാണ് കാക്കാരിശ്ശി നാടകം. കാക്കാല നാടകം, കാക്കാലിച്ചി നാടകം, കാക്കരുകളി എന്നീ പേരുകളും ഇതിനുണ്ട്. പൊറാട്ടുകളുടെയും സംഗീത നാടകങ്ങളുടെയും ഒരുതരം കലര്‍പ്പാണ് ഇതിന്റെ സ്വഭാവം. വന്ദനഗാനത്തോടെയാണ് തുടക്കം. താളം ചവിട്ടിയെത്തുന്ന കാക്കാലന്‍ , തമ്പുരാന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിലൂടെ കഥ ആവിഷ്ക്കരിക്കപ്പെടുന്നു. ഒപ്പം രൂക്ഷമായ സാമൂഹിക വിമര്‍ശനവും നിര്‍വഹിക്കുന്നു. കാക്കാലന്മാരുടെ ജീവിത ചിത്രീകരണത്തിലൂടെ മറ്റ് വിഭാഗക്കാരാണ് നാടകം അവതരിപ്പിക്കുന്നത്. അഭിനയത്തോടൊപ്പം നൃത്തവും സംഗീതവും ഇതിലടങ്ങിയിരിക്കുന്നു. മൃദംഗം, ഇലത്താളം, ഹാര്‍മോണിയം, ഗഞ്ചിറ എന്നിവയാണ് വാദ്യോപകരണങ്ങള്‍ . ശിവനും പാര്‍വ്വതിയും കാക്കാനും കാക്കാത്തിയുമായി ഭൂമിയില്‍ സഞ്ചരിച്ചിരുന്നവെന്ന വിശ്വാസവുമായി ഈ കലാരൂപം ബന്ധപ്പെട്ടിരിക്കുന്നു.